HEALTH TALKLife

കുട്ടികളിലെ റമസാൻ നോമ്പ്-ആരോഗ്യപരമായ സമീപനം

റമസാൻ മാസത്തിൽ നോമ്പ് അനുഷ്‌ഠിക്കുന്നത് ഇസ്‌ലാമിക വിശ്വാസികളുടെ പ്രധാന ആചാരമാണ്. മുതിർന്നവർക്കൊപ്പം, ചില കുട്ടികളും നോമ്പ് എടുക്കാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ, കുട്ടികളുടെ ആരോഗ്യവളർച്ചയും ശാരീരികാവസ്ഥയും പരിഗണിച്ച് അവരുടെ നോമ്പ് അനുഷ്‌ഠാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളിലെ നോമ്പ്

ഇസ്ല‌ാമിക ദർശനത്തിൽ ബാല്യത്തിൽ നോമ്പ് നിർബന്ധമല്ലെങ്കിലും പതിയെ അതിലേക്ക് തയ്യാറാകാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ, കുട്ടികളുടെ പ്രായം, ആരോഗ്യനില, ശരീരഭാരം എന്നിവ നോക്കി നോമ്പ് അനുഷ്‌ഠിക്കുന്നതിൽ തെറ്റില്ല.

കുട്ടികൾ നോമ്പ് എടുക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

1-പ്രായവും ആരോഗ്യവും:

10-12 വയസ്സിന് മുകളിലുള്ള ആരോഗ്യവാനായ കുട്ടികൾക്ക് ഭാഗികമായോ പൂർണ്ണമായോ നോമ്പ് എടുക്കുന്നതിന് ശ്രമിക്കാം. എന്നാൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ ദീർഘനേരം ഭക്ഷണം ഒഴിവാക്കുന്നത് ഊർജ്ജക്ഷയവും പോഷകാഹാരക്കുറവും ഉണ്ടാക്കിയേക്കാം.

2- സഹനശക്തിയും അവബോധവും:

കുട്ടിക്ക് നീണ്ട സമയത്തേക് വിശപ്പും ദാഹവും സഹിക്കോമോ എന്ന് മാതാപിതാകളും ഡോക്‌ടറും വിലയിരുത്തണം. നിർബന്ധിതമായി കുട്ടികളെ കൊണ്ട് നോമ്പ് എടുപ്പിക്കുന്നത് അവരിൽ ശാരീരിക മാനസിക ആഘാതങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.

3- പോഷകാഹാരത്തിൻ്റെ പ്രാധാന്യം :

അത്തായം : (നോമ്പ് എടുക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണം)

ദീർഘനേരം ഊർജ്ജം ലഭിക്കാൻ ആവശ്യമായതും പോഷക സമ്പുഷ്‌ടവുമായ ഭക്ഷണം ആയതിനാൽ പ്രോട്ടീൻ, പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തണം .

ഇഫ്‌താർ (നോമ്പ് മുറിക്കുന്ന സമയം)

പാനിയങ്ങളും ഫലങ്ങളും ഉൾപെടുത്തുക. പെട്ടെന്ന് അമിതമായി ഭക്ഷണം കഴിക്കാതെ ശരീരത്തിന് ഗുണകരമായതും, കട്ടികുറഞ്ഞതുമായ ഭക്ഷണക്രമം പിന്തുടരുക.
4- കുട്ടികൾക്ക് നിർജലീകരണം വരാതിരിക്കാൻ


നോമ്പ് തുറക്കുമ്പോഴും അത്തായ സമയത്തും കൃത്യമായ അളവിൽ വെള്ളം കുടിക്കേണ്ടതുണ്ട്.

5- സൗമ്യമായ പ്രവർത്തനങ്ങൾ :

നോമ്പ് അനുഷ്‌ഠിക്കുന്ന കുട്ടികൾ അമിതമായ കളികളും, ശരീരപരിശ്രമങ്ങളും ഒഴിവാക്കണം.

6- ശാരീരിക അവസ്ഥ നിരീക്ഷിക്കുക:

ക്ഷീണം, തലചുറ്റൽ അമിത ദാഹം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ നോമ്പ് സമയം മുഴുവനാക്കാൻ അനുവതിക്കരുത്. . ചില ആരോഗ്യപ്രശ്നങ്ങൾ (അനീമിയ, ഡയബറ്റിസ്) ഉള്ള കുട്ടികൾക്ക് നിർബന്ധിതമായി ഡോക്‌ടറുടെ നിർദേശം അനുസരിക്കേണ്ടതുണ്ട്.

ശാരീരികവും മാനസികവുമായ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം

മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികളുടെ ശരീരാവസ്ഥ മനസ്സിലാക്കി നോമ്പ് പ്രായോഗികമാകുമോ എന്ന് വിലയിരുത്തണം. മതപരമായ ദൃഢത ഉണ്ടാക്കുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കപ്പെടുകയും വേണം.

നോമ്പ് ഒഴിവാക്കേണ്ട സാഹചര്യങ്ങൾ

റമസാൻ മാസത്തിൽ നോമ്പ് അനുഷ്‌ഠിക്കുന്നത് മതവിശ്വാസത്തിൻ്റെ ഭാഗമായി കാണുന്നുവെങ്കിലും, മതവിധിയിൽ തന്നെ കുട്ടികൾക്കും,രോഗികൾക്കും മറ്റും ഇളവ് നൽകിയിട്ടുണ്ട്. ആയതിനാൽ തന്നെ കുട്ടികളുടെ ശാരീരികാവസ്ഥയും വളർച്ചയും മുൻനിർത്തി ചില പ്രത്യേക സാഹചര്യങ്ങളിൽ നോമ്പ് ഒഴിവാക്കാൻ നിർദേശിക്കാവുന്നതാണ്.

1- ഏഴ് വഴസ്സിനു താഴെ ഉള്ള കുട്ടികൾ


2- പോഷകാഹാരക്കുറവ് (Malnutrition) കാണപ്പെടുന്ന കുട്ടികൾ


3- ഗുരുതരമായ ദേഹാസ്വാസ്ഥ്യങ്ങൾ ഉള്ളവർ
ടൈപ്പ് – 1 ഡയബറ്റിസ്,അനീമിയ,
ക്രോണിക് രോഗങ്ങൾ (ഹൃദയരോഗങ്ങൾ,
ന്യൂറോമസ്‌കുലാർ രോഗങ്ങൾ, മൂത്രവ്യവസ്ഥ സംബന്ധിയായ രോഗങ്ങൾ).

4- ദീർഘകാലമായി ചികിത്സയിലുള്ള
അപസ്മാരം, ബ്രോങ്കിയൽ ആസ്ത്മ, നെഫ്രോട്ടിക് സിൻഡ്രോം, ദീർഘകാല സ്റ്റിറോയിഡ് തെറാപ്പി
ഓർഗൻ ട്രാൻസ്പ്ലാൻ്റ് ചെയ്‌ത കൂടികൾ.

5 അക്യൂട്ട് രോഗം ഉളളവർ

ഡയറിയ, നിർജ്ജലീകരണം

ഗ്യാസ്ട്രോഎന്റൈറ്റിസ്, ഛർദ്ദി,
അക്യൂട്ട് പനി
അക്യൂട്ട് ശ്വസന അണുബാധകൾ


6- വൈജ്ഞാനിക കാലതാമസം ഉള്ള കുട്ടികൾ

7ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രൽ പാൾസി

കുട്ടികളിലെ നോമ്പ് പ്രായോഗികമാകുമ്പോഴും അത് അവരുടെ ആരോഗ്യത്തിനും വളർച്ചക്കും ദോഷം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മതവിശ്വാസത്തെയും ആരോഗ്യമുള്ള വളർച്ചയെയും തമ്മിൽ ബലപ്രയോഗമില്ലാതെ സംയോജിപ്പിച്ചാൽ മാത്രമേ നീണ്ടനേരത്തെ ഫലപ്രാപ്‌തി സാധ്യമാകൂ. ശിശുരോഗ വിദഗ്‌ധരുമായി കൂടിയാലാലോചിച്ച്
കുട്ടിയുടെ ആരോഗ്യാവസ്ഥ അനുസരിച്ച് ശരിയായ തീരുമാനം കൈക്കൊള്ളുക.

തയ്യാറാക്കിയത്: Dr. Suresh Kumar EK
Senior Consultant & HOD Paediatrics
Aster MIMS, Kozhikode

Leave a Reply

Your email address will not be published. Required fields are marked *