മനസ്സിലാക്കാം കൗമാര മനസ്സുകളെ
ബാല്യത്തിനും യൗവനത്തിനും ഇടയിലുള്ള ജീവിതത്തിന്റെ അതുല്യമായ ഒരു കാലഘട്ടമാണ് കൗമാരം. ശാരീരികവും വൈകാരികവും വൈജ്ഞാനികവും സാമൂഹികവുമായ വലിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടമായിരിക്കുന്നതുകൊണ്ട് തന്നെ കൗമാരം പലർക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങൾ അതിനെ കാര്യമായി സ്വാധീനിക്കുന്നു. മൂന്നോ നാലോ വർഷങ്ങൾ പിന്നോട്ട് നോക്കുമ്പോൾ, ഇന്ന് നമ്മുടെ സാമൂഹിക ജീവിതത്തിൽ നമ്മുടെ കാഴ്ചപ്പാടിൽ, കാര്യങ്ങൾ മനസ്സിലാക്കുന്ന രീതികളിൽ എല്ലാം വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വളർന്നു വരുന്ന വ്യക്തികൾ എന്ന നിലയിൽ അത് തീർച്ചയായും കൗമാരക്കാരെ സ്വാധീനിച്ചേക്കാം.
കൗമാരക്കാരായ കുട്ടികളുടെ മാനസികാരോഗ്യം പരിശോധിക്കുമ്പോൾ ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ശരീര ഇമേജ് പ്രശ്നങ്ങൾ എന്നിവ ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഇത് പലപ്പോഴും അക്കാദമിക് സമ്മർദ്ദം, സോഷ്യൽ മീഡിയ സ്വാധീനം, സമപ്രായക്കാരുടെ സമ്മർദ്ദം, അപകട പ്രേരക സ്വഭാവം, വളർച്ചയുടെ പൊതുവായ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മത്സരാധിഷ്ഠിതമായ പഠന ശീലങ്ങളും അക്കാദമിക് പ്രകടനത്തിലെ പതിവ് താരതമ്യങ്ങളും അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന ആശങ്ക കുട്ടികളിലുണ്ടാക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ, നമ്മളിൽ മിക്കവരും വിജയങ്ങളെ സ്വീകാര്യമായും പരാജയങ്ങൾ അസ്വീകാര്യമായും ആഘോഷിക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാൽ വളർന്നുവരുന്ന ഒരു കുട്ടിക്ക് സമൂഹത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ വളരെയധികം സമ്മർദ്ദം അനുഭവപ്പെട്ടേക്കാം.
സോഷ്യൽ മീഡിയ ഇന്നത്തെ കാലത്ത് നമ്മുടെ ജീവിത സാഹചര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് നമ്മളെ ഓരോരുത്തരെയും വ്യത്യസ്ത രീതികളിൽ സ്വാധീനിക്കുന്നു. ശാസ്ത്രം, ഫാഷൻ, ജീവിതശൈലി, ലോക വാർത്തകൾ, സീരീസ്, ഗെയിമിംഗ്, ഗാഡ്ജെറ്റുകൾ എന്നിങ്ങനെ കൗമാരക്കാരുടെ താൽപ്പര്യങ്ങൾ വ്യത്യസ്തമാണ്. നൂതനമായ മാറ്റങ്ങളും മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ നിലവാരവും കുട്ടികളെ ആകർഷിക്കുന്നു. അവരുടെ ശരീര പ്രതിച്ഛായയിൽ അത് അവിശ്വാസമുണ്ടാക്കുന്നു. സാമൂഹിക സമ്മർദ്ദവും കൗമാരക്കാർ അനുഭവിക്കുന്നു. കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ അവരെ പിന്തുണയ്ക്കുകയും കേൾക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും കൗമാരക്കാർ സാഹചര്യങ്ങളോട് വ്യത്യസ്ത രീതിയിൽ പ്രതികരിച്ചേക്കാം. ചിലർ നിശബ്ദരാവാൻ തുടങ്ങും. ചിലർക്ക് എളുപ്പത്തിൽ ദേഷ്യം വരും, ഉത്കണ്ഠ അനുഭവപ്പെടും, ചിലർ അവരുടെ വികാരങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയില്ലെന്ന് പ്രകടിപ്പിച്ചേക്കാം.

വളർന്നുവരുന്ന കുട്ടികളിലെ ലഹരിവസ്തുക്കളുടെ ഉപയോഗവും പല തരത്തിലുള്ള ലഹരിപദാർഥങ്ങളുടെ ലഭ്യതയും നമ്മുടെ സമൂഹത്തിൽ ഭീതി ജനിപ്പിക്കുന്ന വാർത്തയാണ്. സമീപകാല സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയും ഈ രംഗത്തെ പ്രവർത്തനങ്ങളുടെ പിന്നിലെ കാരണം തിരിച്ചറിയേണ്ടതിൻ്റെ ആവശ്യകത തുറന്നുകാട്ടുന്നു. മിക്ക കുട്ടികളും അവരുടെ ജിജ്ഞാസയുടെ ഭാഗമായി ലഹരി പദാർത്ഥങ്ങൾ പരീക്ഷിക്കാൻ ആരംഭിക്കുന്നു. ചിലപ്പോൾ ഇത് സമപ്രായക്കാരുടെ സമ്മർദ്ദം മൂലമോ അല്ലെങ്കിൽ ഒരു ആവേശകരമായ പ്രവൃത്തിയായോ സംഭവിക്കാം. പക്ഷേ മിക്കപ്പോഴും അവർ അതിൻ്റെ ഉപയോഗത്തിൻ്റെ ദോഷകരവും അപകടകരവുമായ ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
കൗമാരപ്രായക്കാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് പിന്തുണയും മാർഗ്ഗനിർദ്ദേശവും ശരിയായ ഇടപെടലുകളും ആവശ്യമാണ്. കൗമാരക്കാരുടെ വളർച്ചയ്ക്കും ക്ഷേമത്തിനും മാനസിക ആരോഗ്യത്തിനും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യാം.
മുൻവിധികളില്ലാതെ അവരെ കേൾക്കാൻ ശ്രമിക്കുക. ഇത് അവരുടെ വികാരങ്ങളും വെല്ലുവിളികളും നമ്മോട് തുറന്നു പ്രകടിപ്പിക്കാൻ അനുവദിക്കുന്നു.
പ്രൊഫഷണൽ സഹായം തേടുന്നത് പ്രോത്സാഹിപ്പിക്കുക. സമ്മർദ്ദം, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യകരമായ കോപ്പിംഗ് ടെക്നിക്കുകൾ പഠിക്കാൻ സൈക്കോതെറാപ്പി അവരെ സഹായിക്കും.

പഠനത്തോടൊപ്പം അവരുടെ ക്ഷേമത്തെ പരിപോഷിപ്പിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, വിനോദ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക.
സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക. സോഷ്യൽ മീഡിയയിലെ അയഥാർത്ഥമായ സൗന്ദര്യ മാനദണ്ഡങ്ങളും ബോഡി ഷൈമിംഗ് മാനദണ്ഡങ്ങളും ചർച്ച ചെയ്യുകയും ബാഹ്യ രൂപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം അവരുടെ വ്യക്തിത്വം ആഘോഷിക്കുകയും മെച്ചപ്പെടുത്തുന്നതിന് ഊന്നൽ കൊടുക്കാൻ സഹായിക്കുകയും ചെയ്യുക.
ലഹരിപദാർഥങ്ങളുടെ അപകടങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തുക,
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൻ്റെ ദീർഘകാല അനന്തരഫലങ്ങൾ വിശദീകരിക്കുക.
അവരുടെ ഭാവിയെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന വിവരങ്ങളിലേക്ക് അവർക്ക് ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കുക. അവരുടെ താൽപ്പര്യങ്ങളും തൊഴിൽ സാധ്യതകളും വിദ്യാഭ്യാസ പാതകളും പര്യവേക്ഷണം ചെയ്യാൻ അവരെ സഹായിക്കുക.
കൗമാരക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അനുകൂലമായ കൗമാരഘട്ടം ആസ്വദിക്കാൻ അവരെ പിന്തുണയ്ക്കാം, ആരോഗ്യമുളള അന്തരീക്ഷത്തിൽ മുതിർന്നവരാകാൻ അവരെ സഹായിക്കാം.

അനന്യ. പി
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്