ഇന്ത്യയിലെ ആദ്യത്തെ എ ഐ എനേബിൾഡ് മെഡിക്കൽ ഡെസ്പാച് സിസ്റ്റം ആരംഭിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്
കോഴിക്കോട്, 25, മെയ്, 2023 ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ ഡെസ്പാച് സിസ്റ്റം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിക്കുന്നു. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെ ആണ് RRR എന്ന ചുരുക്കപ്പേരിൽ അവതരിപ്പിക്കുന്ന ഈ അടിയന്തിര വൈദ്യ സഹായ രീതി (*Response *Rescue *Resuscitation – The Comprehensive emergency chain of survival network) ലഭ്യമാക്കുന്നത്. 75 103 55 666 എന്ന നമ്പറിൽ വിളിച്ചാൽ മെഡിക്കൽ ഡെസ്പാച് സിസ്റ്റം കോ ഓർഡിനേറ്ററെ ലഭ്യമാകും. ഇന്ത്യയിൽതന്നെ ആദ്യമായാണ് വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഈ രീതിയിൽ ഏകോപിപ്പിക്കുന്നത്.
അടിയന്തര സഹായം തേടേണ്ടിവരുന്ന ഏത് സാഹചര്യത്തിലും ഉപയോഗിക്കത്തക്ക വിധത്തിൽ ലഭ്യമാവുന്ന ചികിത്സകൾ 5ജി ഉപഗ്രഹസാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ റിയാലിറ്റി എന്നിവയുടെ സഹായത്തോടെയാണ് ലഭ്യമാക്കുന്നത്. ലോക എമർജൻസി ദിനമായ മെയ് 27 ന് ട്രയൽ റൺ ആരംഭിക്കുന്ന മെഡിക്കൽ ഡെസ്പാച് സിസ്റ്റം ജൂലൈ 1 നു ഡോക്ടർസ് ദിനത്തിൽ പൂർണ്ണ പ്രവർത്തന സജ്ജമാകും.
അത്യാഹിത സാഹചര്യങ്ങളിൽ അടിയന്തിരമായി വൈദ്യസഹായം ലഭ്യമാക്കുക (ഓൺസൈറ്റ് കെയർ), തൊട്ടടുത്തുള്ള മെഡിക്കൽ സംവിധാനങ്ങളിൽ നിന്നും ചികിത്സ ലഭ്യമാക്കുക (പ്രൈമറി കെയർ) അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാകുന്ന ഹോസ്പിറ്റലിൽ സുരക്ഷിതമായി രോഗി എത്തുന്നത് വരെ വാഹനത്തിൽ ചികിത്സ നൽകുക / ഏകീകരിക്കുക (ട്രാൻസ്‌പോർട്ട് കെയർ), ഹോസ്പിറ്റലിൽ അടിയന്തിരമായി ലഭിക്കേണ്ട ചികിത്സ (ഡെസ്റ്റിനേഷൻ കെയർ) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വൈദ്യസഹായത്തിന്റെ വിവിധ തലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തന രീതിയാണിത്.
അടിസ്ഥാന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന ചികിത്സ, പ്രൈമറി കെയർ തലത്തിലെത്തുമ്പോൾ 5 ജി സാങ്കേതിക വിദ്യയുടെയും ടെലിമെഡിസിൻ സംവിധാനത്തിന്റെയും പിൻബലത്തോടെ ചികിത്സയിൽ കൂടുതൽ സഹായകരമാകും. അടുത്ത ഘട്ടമായ ട്രാൻസ്‌പോർട്ട് കെയർ സംവിധാനം ഉപയോഗിക്കുന്നതിനായി 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ആംബുലൻസ് സംവിധാനമാണ് ഉള്ളത്. ആംബുലസിനുള്ളിൽ എബിജി, ഇസിജി, യുഎസ്‌ജി പരിശോധനകൾ ഉൾപ്പെടെ നടത്താൻ കഴിയുന്ന വെർച്വൽ എമർജൻസി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ രോഗിയുടെ പരിശോധനയും രോഗനിർണയവും നടത്താനാകും.
ഹോസ്പിറ്റലിൽ അടിയന്തിരമായി ലഭിക്കുന്ന നൂതന ചികിത്സ, ഗോൾഡൻ അവർ എന്ന് വിശേഷിപ്പിക്കുന്ന ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമായാൽ ശാശ്വതമായ അംഗവൈകല്യങ്ങളിലേക്കു പോകാതെയും ഒരുപക്ഷെ മരണത്തിൽ നിന്നുപോലും രക്ഷിച്ചെടുക്കുന്നതിനു സാധിക്കും.
കോഴിക്കോടും സമീപ ജില്ലകളിലും ഏത് ആശുപത്രികളിലെയും കാഷ്വാലിറ്റി അല്ലെങ്കിൽ എമർജൻസി വിഭാഗം നിയന്ത്രിക്കുന്ന ഡോക്ടർക്ക് ഈ ശൃംഖലയുടെ ഭാഗമാകുന്നതോടുകൂടി ഏത് ആവശ്യത്തോട് കൂടി തന്റെ മുമ്പിൽ എത്തുന്ന രോഗിക്കും അടിയന്തര ജീവൻ രക്ഷാസഹായം നൽകുന്നതിന് സാധിക്കും. ആവശ്യമെങ്കിൽ മെഡിക്കൽ കോളേജ് പോലെയുള്ള ഉയർന്ന സെൻററിലേക്ക് സുരക്ഷിതമായി എത്തുന്നത് വരെ രോഗി ആസ്റ്റർ മിംസിലെ മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റത്തിന്റെയും അതിൻറെ ചുമതലയുള്ള ഡോക്ടറുടെയും മേൽനോട്ടത്തിൽ ആയിരിക്കും.
ആംബുലൻസിനകത്തുള്ള എല്ലാ ബയോമെഡിക്കൽ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടൻ തന്നെ വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയിൽ എത്തുന്നത് വരെ വിദഗ്ധ ഡോക്ടർമാർ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ആംബുലൻസിലുള്ള ജൂനിയർ ഡോക്ടർമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യും. സ്മാർട്ട് കണ്ണടകൾ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.
അടിയന്തര സഹായത്തിനുള്ള വാഹനത്തിന് അഭ്യർത്ഥിച്ച ശേഷം പ്രഥമശുശ്രൂഷ ആവശ്യമുള്ള രോഗിയെ ശുശ്രൂഷിക്കുന്ന ആൾ മെഡിക്കൽ മേഖലയുമായി ബന്ധമില്ലാത്ത ആൾ ആണെങ്കിൽ പോലും ഈ നമ്പറിൽ ബന്ധപ്പെടുന്നത് മുതൽ രോഗി സുരക്ഷിതനായി ഉയർന്ന സെൻററിൽ എത്തുന്നത് വരെയുള്ള എല്ലാ മാർഗനിർദേശങ്ങളും നൽകുന്നതിന് ഈ സിസ്റ്റം സഹായിക്കും.
പ്രസ് മീറ്റിൽ ആസ്റ്റർ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ വേണുഗോപാലൻ പി പി, ആസ്റ്റർ മിംസ് ഡെപ്യൂട്ടി സി എം എസ് ഡോ നൗഫൽ ബഷീർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പി, അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് സി ഇ ഓ ഡോ നദീം ഷാ ഹംസത്, എ ഐ എനേബിൾഡ് മെഡിക്കൽ ഡെസ്പാച് സിസ്റ്റം കോ ഓർഡിനേറ്റഴ്‌സ് ഡോ. ഹസ്‌ന സുബൈർ, ഡോ. ഷാഫിൻ ഫർഹാൻ എന്നിവർ പങ്കെടുത്തു.