ബിഗ് സൈസിൽ നിന്ന് സീറോ സൈസിലേക്ക് .!
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും വേർതിരിവില്ലാതെ ആധുനിക കാലത്തെ ജീവിതശൈലിയിലെല്ലാവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നവുമാണ് അമിതവണ്ണം. ലോകമെമ്പാടുമുള്ളവരുടെ അമിതവണ്ണത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള വഴികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മാർച്ച് 4 ലോക അമിതവണ്ണ ദിനമായി ആചരിക്കുന്നു. 2026ലെ ഈ ദിനത്തിന്റെ പ്രമേയം ‘അമിതവണ്ണത്തിനെതിരെ പ്രവർത്തിക്കാൻ 800 കോടി കാരണങ്ങൾ’ എന്നതാണ്. ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരു വ്യക്തി അമിതവണ്ണമുള്ളവനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25-നും 30-നും ഇടയിലാണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്നും BMI 30-ന് 30-ന് മുകളിലാണെങ്കിൽ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു. ഭക്ഷണത്തിൽ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങൾ എന്നിവ ചേർന്നാണ് മിക്കവരിലും അമിതവണ്ണത്തിന് കാരണമാകുന്നത്. ചിലരിലെങ്കിലും ജനിതകകാരണങ്ങൾ, മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയിലേതെങ്കിലും മാത്രമായും അമിതവണ്ണത്തിനുകാരണമാകാറുണ്ട്.

യാതൊരു മുൻകരുതലും സ്വീകരിക്കാതെയും, ആരോഗ്യം ശ്രദ്ധിക്കാതെയുമുള്ള ഭക്ഷണ ശീലമാണ് ഒട്ടുമിക്കപേരെയും ഈ ദുരവസ്ഥയിലേക്ക് തള്ളിനീക്കുന്നത്. നമ്മുടെ നാടുകളിലൊക്കെ എളുപ്പത്തിൽ ലഭ്യമാകുന്ന ജങ്ക് ഫുഡ്സിന് പ്രധാനമായി നല്ല രുചിയാണ് അല്ലേ . അമിതവണ്ണത്തിനു കാരണമാകുന്ന ജങ്ക് ഫുഡ് ഭക്ഷണങ്ങൾക്ക് നല്ല രൂപവും രുചിയും മാത്രമേ ഉള്ളൂ. ഉയർന്ന അളവിലുള്ള കലോറി, കൊഴുപ്പ്, സോഡ, പഞ്ചസാര ,കളർ/ രുചി തുടങ്ങിയവയ്ക്ക് വേണ്ടി ചേർക്കുന്ന പദാർത്ഥങ്ങൾ ജങ്ക് ഫുഡിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യകരമായ പോഷകങ്ങളുടെ അളവ് വളരെ നാരുകളോ മറ്റ് ശരീരത്തിന് ആവശ്യമായ വസ്തുക്കൾ ഇല്ലതാനും. ശരീരത്തിൻ്റെ ഫിറ്റ്നസ് നിലനിർത്താൻ ആവശ്യമായ കലോറിയുടെ അളവ് ഈ ഭക്ഷണത്തിലൂടെ ലഭ്യമാവുന്നില്ല. ഉദാഹരണത്തിന്, ഫ്രെഞ്ച് ഫ്രൈകൾ, ബർഗറുകൾ, മിഠായികൾ,വിവിധ തരം പാനീയങ്ങൾ, ഐസ്ക്രീം, കുക്കികൾ തുടങ്ങി പുതിയ കാലത്തെ ന്യൂജൻ ഭക്ഷണങ്ങളിലെല്ലാം ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ദീർഘകാല രോഗങ്ങൾക്കും, വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ഇടയാക്കും. ചീത്ത കൊളസ്ട്രോൾ, ഫാറ്റ്, സോഡിയം എന്നിവയുടെ അമിതമായ ഉപയോഗം ഹൃദയത്തിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

കൂടാതെ ഉയർന്ന അളവിൽ അന്നജം അടങ്ങിയിതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് അലസത, നിഷ്ക്രിയത്വം, ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. കൊഴുപ്പുകളും മറ്റും ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും ഹൃദയാഘാത സാധ്യത കൂടുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി ഇത്തരം ഭക്ഷണങ്ങളുടെ തുടരെയുള്ള ഉപയോഗം മൂലം അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ശരീരത്തിന് ലഭ്യമാവാതാവുകയും വിവിധ പോഷകാഹാര കുറവുകൾക്ക് ഇത് കാരണമാവുകയും ചെയ്യുന്നു.
ഭക്ഷണക്രമീകരണവും വ്യായാമവുമാണ് അമിതവണ്ണം കുറയ്ക്കാനുള്ള പ്രതിവിധി. ഇവയ്ക്ക് പുറമെയായോ ഇവ ഫലിക്കാതെ വരുന്ന സമയത്ത് ശരീരം കൊഴുപ്പ് വലിച്ചെടുക്കുന്നത് കുറയ്ക്കുന്നതിനുള്ള മരുന്നുകളും ഉപയോഗിക്കാം. അമിതവണ്ണം ഗുരുതരമാവുകയാണെങ്കിൽ ആമാശയത്തിന്റെയും കുടലിന്റെയും വ്യാപ്തം കുറയ്ക്കുക വഴി ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നത് കുറക്കാൻ ശസ്ത്രക്രിയ നടത്തുകയോ intragastric balloon സ്ഥാപിക്കുകയോ ചെയ്യുന്നതാണ് ഒബിസിറ്റി കുറയ്ക്കാൻ നൽകുന്ന ചികിൽസകൾ.
ഓർക്കുക പെട്ടെന്ന് തടി കുറക്കാൻ സഹായിക്കുന്ന ‘ക്രാഷ് ഡയറ്റുകൾ’ (Crash Diets) ദീർഘകാലാടിസ്ഥാനത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.‘ഇത്തരം ഡയറ്റുകൾ ചെയ്യുമ്പോൾ കുറയുന്നത് ശരീരത്തിലെ കൊഴുപ്പല്ല, മറിച്ച് പേശികളും ജലാംശവുമാണ്. ഭക്ഷണം പെട്ടെന്ന് കുറക്കുമ്പോൾ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. പിന്നീട് സാധാരണ നിലയിൽ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ശരീരം വേഗത്തിൽ കൊഴുപ്പ് സംഭരിക്കുകയും തടി കൂടുകയും ചെയ്യുന്നു.
കീറ്റോ ഡയറ്റ്, ഡിറ്റോക്സ് ക്ലെൻസിങ് തുടങ്ങിയവ ശാസ്ത്രീയമായ അറിവില്ലാതെ പിന്തുടരുന്നത് പോഷകാഹാരക്കുറവിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
