Uncategorized

പാർക്കിൻസൺസ് വരും മുമ്പ് ശരീരം പറയുന്ന സൂചനകൾ

പാർക്കിൻസൺസ് രോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് കൈകാലുകൾക്കുണ്ടാകുന്ന വിറയലോ, നടക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളോ ആയിരിക്കും. എന്നാൽ, യഥാർത്ഥത്തിൽ ഈ രോഗത്തിന്റെ തുടക്കം ചലനവുമായി ബന്ധപ്പെടുന്ന ലക്ഷണങ്ങളിൽ നിന്ന് മാത്രമല്ല എന്നതാണ് വസ്തുത. പലപ്പോഴും വിറയലോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ പ്രകടമാകുന്നതിന് വളരെ കാലം മുമ്പ് തന്നെ, ശരീരത്തിൽ പാർക്കിൻസൺസ് അതിന്റെ ആദ്യ സൂചനകൾ നൽകിത്തുടങ്ങും. ചലനത്തെ ബാധിക്കാത്ത ഇത്തരം നോൺ-മോട്ടോർ ലക്ഷണങ്ങളായ ഉറക്കക്കുറവ്, മണവും രുചിയും കുറയുക, വിഷാദം, ഉമിനീരൊലിപ്പിക്കൽ, ഓർമ്മക്കുറവ്, വേദന, ഉത്കണ്ഠ, മലബന്ധം തുടങ്ങിയവ നമ്മളിൽ പലരും അമിത സമ്മർദ്ദമായോ, പ്രായത്തിന്റെ അവശതകളായോ, വെറുമൊരു ജീവിതശൈലീ മാറ്റമായോ തെറ്റിദ്ധരിച്ച് അവഗണിക്കുകയാണ് പതിവ്. അത്തരം അദൃശ്യമായ പ്രാരംഭ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയേണ്ടത് എന്തുകൊണ്ട് എന്ന് നോക്കാം.

ഉറക്കത്തിലെ മാറ്റങ്ങൾ: ഒരു പ്രധാന മുന്നറിയിപ്പ്

പ്രാരംഭഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രകടമാകുന്നതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒന്നാണ് ഉറക്കത്തിലുണ്ടാകുന്ന മാറ്റങ്ങൾ. പലരിലും ഇൻസോംനിയ അഥവാ ഉറങ്ങാനുള്ള പ്രയാസമായാണ് ഇത് തുടങ്ങുന്നത്. രാത്രിയിൽ പലവട്ടം ഉറക്കം തടസ്സപ്പെടുകയോ, ഇടയ്ക്കിടെ എഴുന്നേൽക്കുകയോ ചെയ്യുന്നത് രോഗത്തിന്റെ ആദ്യകാല സൂചനയാകാം. ഇതിലുപരിയായി, ഉറക്കത്തിൽ സ്വപ്നങ്ങൾക്കനുസരിച്ച് കൈകാലുകൾ വല്ലാതെ ചലിപ്പിക്കുകയോ അല്ലെങ്കിൽ അലറിക്കരയുകയോ ചെയ്യുന്ന ‘ആർ.ഇ.എം സ്ലീപ്പ് ബിഹേവിയറൽ ഡിസോർഡർ’ (REM sleep behavioral disorder) പാർക്കിൻസൺസ് രോഗസാധ്യതയെ മുൻകൂട്ടി വിരൽചൂണ്ടുന്ന സൂചനയാണ്. രാത്രിയിലെ ഈ അസ്വസ്ഥതകൾ കാരണം പകൽ സമയങ്ങളിൽ അമിതമായ ഉറക്കവും തളർച്ചയും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.

മാനസികാരോഗ്യവും പാർക്കിൻസൺസും

നമ്മുടെ മാനസികാരോഗ്യത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. പ്രത്യേകിച്ച് വ്യക്തമായ കാരണമില്ലാതെ അനുഭവപ്പെടുന്ന വിഷമമോ ദുഃഖമോ, വിട്ടുമാറാത്ത ആശങ്കയും ഒക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ പോലും താൽപര്യം കുറയുന്നതും, പതിയെ സമൂഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നതും ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ലക്ഷണങ്ങളെ കേവലം “ഡിപ്രഷൻ” എന്നോ “സ്ട്രെസ്” എന്നോ ഉള്ള ലേബലുകളിൽ മാത്രം ഒതുക്കി കാണാതെ, മനസ്സിന്റെ ആരോഗ്യത്തിനായി കൃത്യമായ കരുതൽ നൽകേണ്ടത് അനിവാര്യമാണ്.

ഗന്ധം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്

പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു സുപ്രധാന ലക്ഷണമാണ് ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്. സുഗന്ധങ്ങൾ പഴയതുപോലെ ആസ്വദിക്കാൻ കഴിയാതിരിക്കുകയോ അല്ലെങ്കിൽ ഗന്ധം പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യുന്നത് നിസ്സാരമായി കാണരുത്. ഇത് പാർക്കിൻസൺ രോഗത്തിന്റെ ഏറ്റവും പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നായിട്ടാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ഇത്തരം ശാരീരിക മാറ്റങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുന്നതും വിദഗ്തോപദേശം തേടുന്നതും ആരോഗ്യകരമായ ഭാവി ഉറപ്പാക്കാൻ സഹായിക്കും.

മലബന്ധവും ദഹനപ്രശ്നങ്ങളും

ദീർഘകാലമായി അനുഭവപ്പെടുന്ന മലബന്ധം ആരോഗ്യത്തിൽ പ്രകടമാകുന്ന മറ്റൊരു പ്രധാന മുന്നറിയിപ്പാണ്. പലപ്പോഴും ആളുകൾ ഇതിനെ കേവലം ഭക്ഷണശീലങ്ങളുമായി മാത്രം ബന്ധപ്പെടുത്തി നിസ്സാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടർന്നിട്ടും വിട്ടുമാറാത്ത രീതിയിൽ മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കുന്നത് ശരിയല്ല. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങളുടെ സൂചനയാകാം ഇത് എന്നതുകൊണ്ട് തന്നെ, ഇത്തരം ലക്ഷണങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

സൂക്ഷ്മമായ ശാരീരിക മാറ്റങ്ങൾ: ശബ്ദവും കൈയക്ഷരവും

ശരീരത്തിലുണ്ടാകുന്ന അതിസൂക്ഷ്മമായ ചില മാറ്റങ്ങളും രോഗലക്ഷണങ്ങളാകാം. സംസാരത്തിനിടയിൽ പെട്ടെന്ന് ശബ്ദം താഴ്ന്നുപോകുന്നതും, മറ്റുള്ളവർക്ക് കേൾക്കാൻ പ്രയാസമുണ്ടാക്കുന്ന രീതിയിൽ ശബ്ദം മന്ദമാകുന്നതും. അതുപോലെതന്നെ, മുഖത്തെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് കുറയുന്നതും മുഖം ഒരു മാസ്ക് ധരിച്ചതുപോലെ ഭാവരഹിതമായി മാറുന്നതും ഗൗരവകരമാണ് കൂടാതെ മറ്റൊരു പ്രധാന മാറ്റം കൈയക്ഷരത്തിലാണ്. വാക്കുകൾ തമ്മിലുള്ള അകലം കുറയുകയും അക്ഷരങ്ങൾ പതിയെ ചെറുതാവുകയും ചെയ്യുന്ന മൈക്രോഗ്രാഫിയ എന്ന പ്രവണതയും പാർക്കിൻസൺസ് പോലുള്ള അവസ്ഥകളുടെ പ്രാരംഭ ലക്ഷണങ്ങളായി കണക്കാക്കാം. ഇത്തരം നിശബ്ദമായ മാറ്റങ്ങളെ തിരിച്ചറിയുന്നത് നേരത്തെയുള്ള ചികിത്സയ്ക്ക് ഏറെ സഹായിക്കും.

ശാരീരിക വേദനകളും വാർദ്ധക്യ സഹജമായ തെറ്റിദ്ധാരണകളും

അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ പാർക്കിൻസൺ രോഗലക്ഷണങ്ങളായി എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോകുന്നത് ഒരു സുപ്രധാനമാണ് ചോദ്യമാണ്. പലപ്പോഴും ഇവ നിത്യജീവിതത്തിലെ സാധാരണ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമാണെന്ന് കരുതി രോഗികൾ തന്നെ ലക്ഷണങ്ങളെ അവഗണിക്കുന്നു. കുടുംബാംഗങ്ങളാകട്ടെ, ഇത് വെറും ‘പ്രായാധിക്യം’ കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധകൾ കൃത്യമായ രോഗനിർണ്ണയം വൈകിപ്പിക്കാനും അവസ്ഥ കൂടുതൽ സങ്കീർണ്ണമാകാനും കാരണമാകുന്നു. ഉദാഹരണത്തിന് വിട്ടുമാറാത്ത ഷോൾഡർ വേദന എല്ലുകളുമായോ പേശികളുമായോ ബന്ധപ്പെട്ട രോഗമായിരിക്കണമെന്നില്ല, അത് പാർക്കിൻസൺസ് രോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാൻ സാധ്യതയുണ്ട്.

നേരത്തെയുള്ള ചികിത്സയുടെ പ്രാധാന്യം

പാർക്കിൻസൺസ് രോഗത്തെ സംബന്ധിച്ചിടത്തോളം ലക്ഷണങ്ങൾ ആരംഭത്തിൽ തന്നെ തിരിച്ചറിയുക എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. രോഗം അതിന്റെ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ, കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. തുടക്കത്തിലേ മരുന്നുകൾ മികച്ച ഫലം നൽകുകയും, അത് രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, നിസ്സാരമെന്നു തോന്നുന്ന ശാരീരിക മാറ്റങ്ങളെപ്പോലും അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് ആരോഗ്യകരമായ ഭാവി ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *