സ്ട്രോക്ക് വന്നാൽ എല്ലാം തീർന്നോ? ജീവിതം തിരിച്ചുപിടിക്കാൻ പുതിയ വഴികളുണ്ട്
ജീവിതം അതിന്റെ പാട്ടിന് പോകുമ്പോഴാകും ഒട്ടും പ്രതീക്ഷിക്കാതെ സ്ട്രോക്ക് ഒരു വില്ലനെപ്പോലെ കടന്നുവരുന്നത്. നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ സംസാരം പെട്ടെന്ന് കുഴയുമ്പോഴോ ശരീരത്തിന്റെ ഒരു വശം തളർന്നു വീഴുമ്പോഴോ അവിടെ തളർന്നുപോകുന്നത് ആ വ്യക്തി മാത്രമല്ല, ആ കുടുംബം കൂടിയാണ്. ഐ.സി.യുവിന്റെ വാതിലുകൾക്ക് പുറത്ത് ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരൊറ്റ ചോദ്യമേ കാണൂ: “ഇനി പഴയതുപോലെ നടക്കാനും സംസാരിക്കാനും കഴിയുമോ?”
ആ ചോദ്യത്തിനുള്ള ഉത്തരം ഒളിഞ്ഞിരിക്കുന്നത് നമ്മൾ കൊടുക്കുന്ന സമയത്തിലും പരിശ്രമത്തിലുമാണ്. ജീവൻ തിരിച്ചുപിടിച്ചു കഴിഞ്ഞാൽ പിന്നെ പൂർണ്ണവിശ്രമമാണ് വേണ്ടതെന്ന് പലരും കരുതുന്നു. എന്നാൽ അവിടെയാണ് തെറ്റുപറ്റുന്നത്. സ്ട്രോക്കിന് ശേഷമുള്ള ദിനങ്ങൾ വെറുതെ കിടക്കാനുള്ളതല്ല, ഉറങ്ങിപ്പോയ തലച്ചോറിനെ വിളിച്ചുണർത്താനുള്ളതാണ്. ചികിത്സയോടൊപ്പം തന്നെ സമയോചിതമായി ആരംഭിക്കുന്ന റീഹാബിലിറ്റേഷനാണ് രോഗിയുടെ ജീവിത ഗുണമേന്മ നിർണയിക്കുന്നത്. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്ന് വിളിക്കുന്ന ചികിത്സാവിഭാഗം ഇതിനാണ് സഹായിക്കുന്നത്.
തലച്ചോറിന്റെ മാജിക്: എന്താണ് ന്യൂറോപ്ലാസ്റ്റിസിറ്റി?
സ്ട്രോക്ക് വന്നാൽ തലച്ചോറിന്റെ ഒരു ഭാഗം പൂർണ്ണമായും നശിച്ചുപോയി എന്ന് കരുതരുത്. ശരിക്കും കാറ്റത്ത് ചില്ലകൾ ഒടിഞ്ഞുവീണ ഒരു വലിയ മരം പോലെയാണത്. കൃത്യമായി വെള്ളവും വളവും നൽകി പരിചരിച്ചാൽ അതിൽ വീണ്ടും പുതിയ ഇലകളും ചില്ലകളും തളിർക്കും. അതുപോലെ തന്നെയാണ് നമ്മുടെ തലച്ചോറും. കേടുപാടുകൾ സംഭവിച്ച നാഡികൾക്ക് പകരം പുതിയ വഴികൾ കണ്ടെത്താൻ തലച്ചോറിന് ഒരു പ്രത്യേക കഴിവുണ്ട്. വൈദ്യശാസ്ത്രം ഇതിനെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് വിളിക്കുന്നു. റീഹാബിലിറ്റേഷൻ സെന്ററുകളിൽ നമ്മൾ നൽകുന്ന ഓരോ ചെറിയ പരിശീലനവും തലച്ചോറിന് ഈ പുതിയ വഴികൾ വെട്ടാൻ നൽകുന്ന ഊർജ്ജമാണ്.

വിശ്രമമല്ല ഇപ്പോൾ വേണ്ടത്
ക്ഷീണമൊക്കെ ഒന്ന് മാറട്ടെ, എന്നിട്ട് പതിയെ എഴുന്നേൽക്കാൻ തുടങ്ങാം എന്നാകും നമ്മളിൽ പലരും ചിന്തിക്കുക. എന്നാൽ ഈ അമിതമായ വിശ്രമം വലിയ അപകടമാണ്. ഐ.സി.യുവിൽ കിടക്കുമ്പോൾ തന്നെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, രോഗിയുടെ ആരോഗ്യനില അനുസരിച്ച് ചെറിയ രീതിയിൽ റീഹാബിലിറ്റേഷൻ ആരംഭിക്കാം. ദീർഘകാലം അനങ്ങാതിരിക്കുന്നത് സന്ധികൾ ഉറച്ചുപോകാൻ കാരണമാകും. കൂടാതെ ശരീരത്തിൽ വ്രണങ്ങൾ വീഴാനും , ശ്വാസകോശ അണുബാധയ്ക്കും, കാലുകളിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ഡി.വി.റ്റി പോലുള്ള സങ്കീർണ്ണമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും ഇത് കാരണമാകും. ഇത്തരം അനുബന്ധ പ്രശ്നങ്ങൾ തടയാൻ നേരത്തെ തന്നെ റീഹാബിലിറ്റേഷൻ തുടങ്ങേണ്ടത് അനിവാര്യമാണ്.
മികച്ച പരിശീലനത്തിലൂടെയും ശരിയായ പൊസിഷനിംഗിലൂടെയും ഇരിക്കൽ, നിൽക്കൽ, നടക്കൽ എന്നിവ ഘട്ടം ഘട്ടമായി വീണ്ടെടുക്കാൻ കഴിയും. കൂടാതെ, സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സ്പീച്ച് ആൻഡ് സ്വാലോവിങ് തെറാപ്പി നേരത്തെ ആരംഭിക്കുന്നത് അവരുടെ പ്രവർത്തന ശേഷി വേഗത്തിൽ മെച്ചപ്പെടുത്താനും മികച്ച ഫലങ്ങൾ നൽകാനും സഹായിക്കും.
സഹായത്തിനുണ്ട് റോബോട്ടുകൾ
പഴയതുപോലെ കൈകാലുകൾ ചലിപ്പിച്ച് മാത്രം ചെയ്യുന്ന വ്യായാമങ്ങളിൽ ഇപ്പോൾ കാര്യങ്ങൾ ഒതുങ്ങുന്നില്ല. വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യകളാണ് ഇന്ന് നമ്മെ സഹായിക്കാനുള്ളത്. കൈകാലുകൾ തീരെ അനക്കാൻ കഴിയാത്തവർക്ക് റോബോട്ടുകളുടെ സഹായത്തോടെ കൃത്യമായി വ്യായാമം ചെയ്യാൻ റോബോട്ടിക് റീഹാബിലിറ്റേഷൻ സഹായിക്കും. ഒരേ ചലനം പലതവണ മടുപ്പില്ലാതെ ആവർത്തിക്കുമ്പോൾ ഇതിലൂടെ തലച്ചോറിന് പെട്ടെന്ന് സന്ദേശങ്ങൾ ലഭിക്കുകയും ന്യൂറോപ്ലാസ്റ്റിസിറ്റി വേഗത്തിലാകുകയും ചെയ്യുന്നു.
വിർച്വൽ റിയാലിറ്റി തെറാപ്പി വഴി രോഗികൾക്ക് ഒരു വീഡിയോ ഗെയിം കളിക്കുന്ന രസത്തോടെ വ്യായാമം ചെയ്യാം. ഒരു വെർച്വൽ ലോകത്ത് പന്തെറിയാനും നടക്കാനും ഒക്കെ ശ്രമിക്കുമ്പോൾ രോഗി പോലുമറിയാതെ അവരുടെ ശരീരം പഴയ കരുത്തിലേക്ക് തിരികെ നടക്കുകയാകും. ശരീരത്തിന്റെ ബാലൻസ് തിരികെ കിട്ടാനും ഇത് വളരെ സഹായകമാണ്. ഇതിനുപുറമെ, നാഡികളെയും പേശികളെയും സ്റ്റിമുലേറ്റ് ചെയ്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ ഫങ്ഷണൽ ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ എന്ന സാങ്കേതികവിദ്യയും ഉപയോഗിക്കാറുണ്ട്. താഴെ വീഴുമോ എന്ന പേടിയില്ലാതെ, വലിയ സപ്പോർട്ട് സിസ്റ്റങ്ങളുടെ സഹായത്തോടെ ഗെയ്റ്റ് ട്രെയിനിങ് സിസ്റ്റം (Gait Training Systems) ഉപയോഗിച്ച് നടക്കാൻ പഠിപ്പിക്കുന്ന സുരക്ഷിതമായ രീതികളും ഇന്ന് ലഭ്യമാണ്.

കൂട്ടിന് വേണം കുടുംബവും
ഇതൊരു ഡോക്ടറുടെ മാത്രം മാജിക്കല്ല. ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, നഴ്സുമാർ എന്നിവരെല്ലാം ചേർന്നുള്ള ഒരു വലിയ ടീം വർക്കാണിത്. പക്ഷേ, ഈ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം ആരാണെന്നറിയാമോ? അത് രോഗിയുടെ കുടുംബമാണ്! തളർന്ന കൈകളിൽ മുറുകെ പിടിക്കുമ്പോൾ കിട്ടുന്ന ധൈര്യം, കുഴയുന്ന വാക്കുകൾ ക്ഷമയോടെ കേട്ടിരിക്കാനുള്ള മനസ്സ്, ചെറിയൊരു മാറ്റം കാണുമ്പോൾ നൽകുന്ന കയ്യടി… ഇതിനേക്കാൾ വലിയൊരു മരുന്ന് ലോകത്ത് വേറെയില്ല.
ജീവിതം ഇവിടെ അവസാനിക്കുന്നില്ല
സ്ട്രോക്ക് എന്നത് ജീവിതത്തിന്റെ അവസാനമല്ല, അൽപ്പം കഠിനമായ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമാണ്. പൂർണ്ണമായൊരു മാറ്റം എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല. എങ്കിലും, സ്വന്തം കാര്യങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ ചെയ്യാനും, ചിരിയോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഓരോ രോഗിയെയും പ്രാപ്തരാക്കുക എന്നതാണ് റീഹാബിലിറ്റേഷൻ ലക്ഷ്യമാക്കുന്നത്.ശരിയായ സമയത്ത് തുടങ്ങുന്ന ഓരോ ചെറിയ പരിശ്രമവും അവരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയാണ്. ആ തിരിച്ചുവരവിന്റെ പാതയിൽ ഓരോ സെക്കൻഡിനും പൊന്നിന്റെ വിലയുണ്ട്.
