പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം
പാർക്കിൻസൺസ് രോഗത്തെ കുറിച്ചുള്ള അവബോധവും ധാരണയും പ്രചരിപ്പിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ഏപ്രിൽ 11ന് പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. ഈ രോഗാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത ഡോ.ജെയിംസ് പാർക്കിൻസണിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിച്ചു വരുന്നത്.
എന്താണ് പാര്‍ക്കിന്‍സണ്‍സ്
മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികള്‍ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്‍ ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്‍ക്കിന്‍സണ്‍സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്‍ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്‍വ്വമായി കുഞ്ഞുങ്ങളിലും (ജുവൈനല്‍ പാര്‍ക്കിന്‍സണ്‍സ്) കാണപ്പെടാറുണ്ട്.

ശരീരത്തിൻ്റെ ചലനശേഷി കുറയുക, പേശികളുടെ അയവ് നഷ്ടപ്പെട്ട് ദൃഢമാവുക, വിറയൽ, തുടങ്ങിയവയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ. കാലക്രമേണ രോഗലക്ഷണങ്ങളുടെ തീവ്രത വർദ്ധിക്കുകയും രോഗിക്ക് പരസഹായമില്ലാതെ ജിവിതം മുന്നോട്ട് നയിക്കാനാവാത്ത അവസ്ഥയിലാവുകയും ചെയ്യുന്നു.അതോടൊപ്പം തന്നെ ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ഡിപ്രഷൻ, ഓർമ്മക്കുറവ് തുടങ്ങിയവയും രോഗം മൂർഛിക്കുന്നത്തിന് അനുസരിച്ച് കാണപ്പെടാം.

ചികിത്സ
ഡോപ്പമിന്റെ അഭാവമാണ് രോഗകാരണമെന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്‍ എത്തിക്കുക എന്നതാണ്. ഡോപ്പമിന്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്‍ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. മരുന്നുകളോട് പ്രതികരണം കുറഞ്ഞ രോഗികളിൽ ഡിബിഎസ് ചികിത്സ പലപ്പോഴും പ്രയോജനകരമാണ്.രോഗ ലക്ഷണങ്ങളെ നിയന്ത്രിച്ച് രോഗികളുടെ ജീവിത നിലവാരവും ,ദൈനംദിന പ്രവർത്തികളും ഗണ്യമായി മെച്ചപ്പെടുത്താൻ ഈ ചികിത്സാരീതിയിലൂടെ സാധിക്കും. ഇത്തരം നൂതനമായ ചികിത്സാ രീതികളും ഫിസിയോ തെറാപ്പിയും ഫലപ്രദമായി നൽകുകയും, ജീവിത ശൈലിയിലെ ക്രമീകരണങ്ങൾ നടപ്പിലാക്കുകയും ചെയ്താൽ രോഗികളെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ അത് സഹായകരമാകും. ഇതിലെല്ലാം ഉപരി ഇത്തരം രോഗവസ്ഥയുള്ളവരോട് സമൂഹം സ്നേഹത്തോടും അനുകമ്പയോടും കൂടി പെരുമാറുകയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ ഇടപെടലുകളും വളരെ പ്രധാനമാണ്. ഒരു സമൂഹമെന്ന നിലയിൽ ഈ രോഗാവസ്ഥയെ മികച്ച രീതിയിൽ തരണം ചെയ്യാനും, രോഗമുക്തി നേടാൻ കഴിയുന്ന ഭാവിയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലും നമുക്ക് ഒരുമിച്ച് മുന്നേറാം..!