Uncategorized

അറിയാതെ പോവരുത്, സ്‌ട്രോക്കിനെ കുറിച്ച്..

ലോകത്ത് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് മസ്‌തിഷ്കാഘാതം അഥവാ സ്ട്രോക്ക് . പ്രതിവർഷം ഏകദേശം 1.8 ദശലക്ഷം ആളുകളിൽ സ്ട്രോക്ക് സംബന്ധമായ ലക്ഷണങ്ങൾ പ്രകടമാകുന്നതായി വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ട്രോക്ക് കേസുകളിൽ 100 ശതമാനം വർധനയുണ്ടായി എന്നതും ഞെട്ടിക്കുന്നതാണ്. ഇതിന് വിഭിന്നമായി വികസിത രാജ്യങ്ങളിൽ 42 ശതമാനം കുറവുണ്ടായി എന്നതും അതിലേറെ ആശ്ചര്യപെടുത്തുന്നു. സ്‌ട്രോക്കിനെ കുറിച്ചുള്ള അവബോധവും,പ്രതിരോധവും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി എല്ലാ വർഷവും ഒക്ടോബർ 29 ന് ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നു.കൂടുതൽ ആക്ടീവ് ആയി സ്ട്രോക്കിനെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ആദ്യം
എന്താണ് സ്ട്രോക്ക്, എന്തുകൊണ്ടാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് കൂടാൻ കാരണമെന്ന് നമുക്ക് നോക്കാം .
തലച്ചോറിലേക്കുള്ള രക്ത വിതരണം രക്തക്കുഴലുകൾ അടയുന്നത് മൂലമോ,രക്തസ്രാവം മൂലമോ തടസ്സപ്പെടുമ്പോൾ തലച്ചോറിലെ ഏതെങ്കിലും ഒരു ഭാഗത്തെ രക്തയോട്ടം നിലക്കുകയും അതുമൂലം ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന ശേഷിക്കുറവുകളെയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്ന് പറയുന്നത്. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ തന്നെ അടിയന്തിര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും കുറയ്ക്കാനും സഹായിക്കും.
പ്രധാനമായും രണ്ട് തരത്തിലാണ് സ്ട്രോക്കിനെ തരം തിരികാറുള്ളത്.

1. ബ്ലോക്കേജ് (ഇസ്‌കെമിക് സ്‌ട്രോക്ക്):
മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ അടയുന്നത് മൂലം കോശങ്ങളിലൂടെയുള്ള രക്തപ്രവാഹം ഇല്ലാതാവുകയും അതുമൂലം ഉണ്ടാവുന്ന കേടുപാടുകളെയുംമാണ് ഇസ്കെമിക് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത് മൂലം മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയുകയും മസ്തിഷ്ക കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ നശിക്കാനും കാരണമാകുന്നു.


2. രക്തസ്രാവം (ഹെമറാജിക് സ്ട്രോക്ക്)

മസ്തിഷ്കത്തിലെ രക്തക്കുഴലുകളിൽ പൊട്ടുന്നത് മൂലം തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തം മസ്തിഷ്ക കോശങ്ങളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
ഈ രണ്ട് തരം സ്‌ട്രോക്കുകളുടെയും കാരണവും, ചികിത്സയും രണ്ടുതരത്തിൽ തന്നെയാണ്. 80%ആളുകളിലും ഇസ്കെമിക് സ്ട്രോക്ക് ആണ് സംഭിവിക്കാറുള്ളത്. ജീവിത ശൈലികളിലെ മാറ്റം മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം,
കൊളസ്ട്രോൾ,
പ്രമേഹം,പുകവലി,


പൊണ്ണത്തടി കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളും ഇതിൻ്റെ കാരണമായി കണക്കാക്കുന്നു. പ്രായാതിക്യവും ഇതിന് മറ്റൊരു കാരണമാവും.
10-15%ആളുകളിൽ കാണപ്പെടുന്ന ഹെമറാജിക് സ്ട്രോക്കിൻ്റെ കാരണമായി കണക്കാക്കുന്നത് രക്ത സമ്മർദ്ദം കൂടുന്നത് മൂലം രക്തധമനികൾ പൊട്ടിപ്പോവുന്നതാണ്.ചില സന്ദർഭങ്ങിൽ രക്തക്കുഴലുകളുടെ വ്യതിയാനവും,ജന്മനാ ഉള്ള രക്തക്കുഴലുകളുടെ പ്രശനങ്ങളും കാരണമാവും.

സ്‌ട്രോക്കിൻ്റെ പ്രധാന ലക്ഷണങ്ങൾ:
മുഖത്തോ കൈയിലോ കാലിലോ പെട്ടെന്നുള്ള ബലഹീനത അല്ലെങ്കിൽ മരവിപ്പ്,പെട്ടെന്നുള്ള ആശയക്കുഴപ്പം, സംസാരിക്കുന്നതിനോ സംസാരം മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ട്. കാണാനുള്ള ബുദ്ധിമുട്ട്,
പെട്ടെന്നുള്ള കഠിനമായ തലവേദന.തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അടിയന്തിര മെഡിക്കൽ സഹായം ലഭ്യമാക്കണം. ഓർക്കുക നേരത്തെയുള്ള തിരിച്ചറിയലും ചികിത്സയും സ്ട്രോക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലും ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്.


ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സ്ട്രോക്ക് കേസ് കൂടാനുള്ള പ്രധാന കാരണങ്ങൾ ജീവിത ശൈലികളിൽ വന്ന മാറ്റങ്ങളും വ്യാഴാമക്കുറവുംമാണ്. ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശമായ സ്‌ട്രോക്കിനെതിരെ കൂടുതൽ പ്രവർത്തിക്കുക എന്നതിനെ ഉൾക്കൊണ്ടുകൊണ്ട് ശരീരത്തെ കൂടുതൽ പ്രവർത്തിപ്പിച്ചാൽ സ്‌ട്രോക്കിനെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും.വീടുകളിൽ നിന്ന് സാധാരണ ഗതിയിൽ ചെയ്യുന്ന ജോലികളിൽ ഉപരി ദിവസേന 15-20 മിനുട്ട് പ്രായത്തിനു അനുസൃതമായി വ്യായാമമുറകളിൽ ഏർപ്പെടുന്നത് രക്തക്കുഴലുകളുടെ തടസ്സങ്ങൾ നീക്കാനും രക്തയോട്ടം സുഖകരമാവനും അത്‌വഴി സ്‌ട്രൊക്കിനെ പ്രതിരോധിക്കാനും സാധ്യമാവും. കൂടാതെ ലളിതമായ ദൈനംദിന ശീലങ്ങൾ ഉദാഹരണത്തിന് വ്യായാമ മുറകൾക്ക് പുറമെ ആരോഗ്യകരമായ ഭക്ഷണ രീതികൾ പിന്തുടരുന്നതും, സ്ട്രെസ്സ് മാനേജ്മെൻ്റിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും, ആരോഗ്യകരമായ ഉറക്കം ശീലിക്കുന്നതും സ്‌ട്രോക്കിനെ പ്രതിരോധിക്കാൻ സഹായകരമാകും.


ഓർക്കുക ശരീരത്തിലെ ഏതുഭാഗത്തെ കോശങ്ങളും ഒരിക്കൽ നശിച്ചാൽ വീണ്ടും പുതിയത് രൂപപെട്ടുവരും. എന്നാൽ തലച്ചോറിലെ കോശങ്ങൾ മാത്രം ഒരിക്കൽ നശിച്ചാൽ വീണ്ടും രൂപേപ്പെടാത്തതുകൊണ്ട് അതിൻ്റെ പ്രത്യാഘാതം ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവും.ആയതിനാൽ സ്ട്രോക്ക് വരാതിരിക്കാനുള്ള മുൻകരുതുകൾ ശീലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.


മസ്തിഷ്കാഘാതം കൂടുതലായി പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ഏതു പ്രായത്തിലുമുള്ള വ്യക്തികളെയും അവ ബാധിക്കാം എന്നുകൂടി ഓർക്കണം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരിൽ അതുണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ്. വന്നതിനു ശേഷമുള്ള ചികിത്സയേക്കാൾ ഇതിന് അവസരം നൽകാതിരിക്കലാണ് ഉത്തമം.

തയ്യാറാക്കിയത്:
ഡോ.ശ്രീവിദ്യ എൽ കെ
ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ്
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *