വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ രക്തത്തിൽ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവർത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണങ്ങൾ, മറ്റ് ദ്രാവകങ്ങൾ എന്നിവയും മൂത്രത്തിലൂടെ പുറത്തേക്ക് നീക്കം ചെയ്യുന്നു.
വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് അറിയാൻ ഏറ്റവും പ്രധാനപ്പെട്ട പരിശോധനകൾ മൂത്രപരിശോധനയും രക്തപരിശോധനയും ആണ്. മൂത്രപരിശോധനയിൽ മൂത്രത്തിൽ പ്രോട്ടീൻ, രക്തം, അണുബാധ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയും. രക്തത്തിലെ ക്രിയാറ്റിനിൻ (Creatinine), യൂറിയ (Urea) എന്നീ പരിശോധനകൾ വൃക്കയുടെ പ്രവർത്തനം വിലയിരുത്താൻ സഹായിക്കുന്നു.

ഒരു വൃക്കയ്ക്ക് മാത്രം തകരാർ വന്നാൽ എന്താണ് സംഭവിക്കുക?
ഒരു വൃക്കയ്ക്ക് മാത്രം തകരാർ സംഭവിച്ചാലും പലപ്പോഴും പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റമുണ്ടാകണമെന്നില്ല. മറ്റേ വൃക്ക സാധാരണ പ്രവർത്തനം തുടരുകയും ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെ ചിലർ ഒരു വൃക്ക മാത്രം ഉണ്ടായിട്ടും ആരോഗ്യത്തോടെ ജീവിക്കുന്നതും ചിലർ വൃക്ക ദാനം ചെയ്ത ശേഷവും സാധാരണ ജീവിതം നയിക്കുന്നതും കാണാം.
എന്നാൽ രണ്ടു വൃക്കകളുടെയും പ്രവർത്തനം ഗുരുതരമായി കുറയുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം. വൃക്കയുടെ പ്രവർത്തനം വളരെ കുറയുന്ന അവസ്ഥയെ End Stage Kidney Disease എന്ന് വിളിക്കുന്നു. ഈ ഘട്ടത്തിൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ പോലുള്ള ചികിത്സകൾ ആവശ്യമായി വരാം.
വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് കുറയാൻ കാരണങ്ങൾ
ചില സാഹചര്യങ്ങളിൽ വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് കുറയുന്ന അവസ്ഥ ഉണ്ടാകാം. വൃക്കയിലേക്കുള്ള രക്തയോട്ടം കുറയുക, രക്തസമ്മർദ്ദം വളരെ താഴുക, ശരീരത്തിൽ ആവശ്യമായ ജലാംശം ലഭിക്കാതിരിക്കുക, ഗുരുതരമായ അണുബാധകൾ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ, ഗുരുതരമായ ഹൃദ്രോഗങ്ങൾ, വലിയ ശസ്ത്രക്രിയകൾക്കുശേഷം എന്നിവ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം.
കൂടാതെ ഗ്ലോമെരുലോനെഫ്രൈറ്റിസ്, മൂത്രതടസ്സം (ഉദാ: വൃക്കക്കല്ല്), അമിത രക്തസ്രാവം, സെപ്സിസ്, ചില രാസവസ്തുക്കൾ അടങ്ങിയ നാട്ടുമരുന്നുകൾ, വേദനസംഹാരികളുടെ അമിത ഉപയോഗം, ചില മരുന്നുകളോടുള്ള അലർജി എന്നിവയും വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് കുറയാൻ കാരണമാകാറുണ്ട്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് കുറയുമ്പോൾ ചില ലക്ഷണങ്ങൾ കാണാം.
ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു വ്യക്തിയിൽ താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതാണ്.
• മൂത്രത്തിന്റെ അളവ് കുറയുക (ചിലരിൽ കുറയാതെയും ഇരിക്കാം), കണങ്കാലുകളിൽ നീർ വരുക, ശരീരഭാരം പെട്ടെന്ന് കൂടുക
• വിശപ്പില്ലായ്മ, ഛർദ്ദി, തളർച്ച, ക്ഷീണം
• ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഹൃദയമിടിപ്പിന്റെ താളം തെറ്റൽ, അപസ്മാരം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ
ഈ ലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നില്ല. പലപ്പോഴും രക്തപരിശോധന നടത്തുമ്പോഴാണ് വൃക്കയുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നത്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈകാതെ രക്തവും മൂത്രവും പരിശോധിച്ച് ഒരു വൃക്കരോഗ വിദഗ്ധനെ സമീപിക്കുന്നത് നല്ലതാണ്.
ചികിത്സയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ
- കാരണം കണ്ടെത്തി ചികിത്സിക്കുക
വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് കുറയുമ്പോൾ ആദ്യം അതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രധാനമാണ്. വൃക്കക്കല്ല്, മൂത്രാശയ അണുബാധ, രക്തസമ്മർദ്ദം കുറയൽ തുടങ്ങിയ അവസ്ഥകൾക്ക് പ്രത്യേകം ചികിത്സ നൽകണം. കാരണം കണ്ടെത്തി ശരിയായ ചികിത്സ നൽകുമ്പോൾ പലരിലും വൃക്കയുടെ പ്രവർത്തനം വീണ്ടും മെച്ചപ്പെടാൻ സാധ്യതയുണ്ട്.
- സഹായ ചികിത്സ (Supportive treatment)
അണുബാധകൾക്ക് ചികിത്സ നൽകുക, വൃക്കയ്ക്ക് ദോഷകരമായ മരുന്നുകൾ ഒഴിവാക്കുക, ശരീരത്തിലെ അധിക നീര് കുറയ്ക്കുക, രക്തത്തിലെ പൊട്ടാസിയം പോലുള്ള ലവണങ്ങളുടെ അളവ് നിയന്ത്രിക്കുക തുടങ്ങിയ സഹായ ചികിത്സകൾ നൽകേണ്ടിവരും.
ഭക്ഷണക്രമവും ജീവിതശൈലിയും
വൃക്കയുടെ ആരോഗ്യത്തിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു.
ആരോഗ്യമുള്ള ആളുകൾക്ക് സാധാരണയായി ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുന്നത് മതി. ദിവസത്തിൽ ഏകദേശം 2–3 ലിറ്റർ വരെ വെള്ളം സാധാരണയായി മതിയാകും, എന്നാൽ ചൂടുള്ള കാലാവസ്ഥയിലും വ്യായാമ സമയത്തും ഇതിലധികം ആവശ്യമാകാം. സാധാരണയായി മൂത്രം ഇളം മഞ്ഞ നിറത്തിൽ ഉണ്ടെങ്കിൽ ശരീരത്തിൽ വെള്ളം മതിയായിരിക്കുന്നു എന്ന് കരുതാം. എന്നാൽ വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വെള്ളത്തിന്റെ അളവ് നിയന്ത്രിക്കേണ്ടിവരും.
വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ രക്തത്തിലെ പൊട്ടാസിയം കൂടാൻ സാധ്യതയുള്ളതിനാൽ ചില പഴവർഗ്ഗങ്ങളും ജ്യൂസുകളും നിയന്ത്രിക്കേണ്ടിവരും.
ഉപ്പ് ഉപയോഗം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം ഒരു വ്യക്തി ദിവസത്തിൽ 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ) ഉപ്പിൽ കൂടുതലായി ഉപയോഗിക്കരുത്. എന്നാൽ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ പലരും ഇതിന്റെ ഇരട്ടിയോളം ഉപ്പ് ദിവസവും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഡയാലിസിസ്
ഡയാലിസിസിനെ കുറിച്ച് പലർക്കും തെറ്റിദ്ധാരണകളുണ്ട്. വൃക്കകൾ ചെയ്യേണ്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം കൃത്രിമമായി ശരീരത്തിന് പുറത്തായി നടത്തുന്നതാണ് ഡയാലിസിസ്. ചില രോഗികളിൽ വൃക്കയുടെ പ്രവർത്തനം തിരിച്ചുവരുന്നതുവരെ താത്കാലികമായി ഡയാലിസിസ് ആവശ്യമായേക്കാം.
ദീർഘകാല വൃക്കരോഗം
ദീർഘകാലമായി വൃക്കയുടെ പ്രവർത്തനം കുറയുന്ന അവസ്ഥയെ Chronic Kidney Disease എന്ന് വിളിക്കുന്നു. ഇന്ന് ലോകമെമ്പാടും ഈ രോഗം വർദ്ധിച്ചുവരുന്നുണ്ട്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഇതിന്റെ പ്രധാന കാരണങ്ങളാണ്.
ഈ അവസ്ഥയിൽ രക്തത്തിലെ ക്രിയാറ്റിനിൻ അളവ് കൂടുകയും ചിലരിൽ സ്കാനിങ്ങിൽ വൃക്കകൾ ചുരുങ്ങിയതായി കാണുകയും ചെയ്യും. വൃക്കയുടെ പ്രവർത്തനം വളരെ കുറയുമ്പോൾ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ പോലുള്ള ചികിത്സകൾ ആവശ്യമായി വരാം.
വൃക്കരോഗങ്ങൾ പലപ്പോഴും ആദ്യഘട്ടത്തിൽ ലക്ഷണങ്ങളില്ലാതെ മുന്നേറുന്ന രോഗങ്ങളാണ്. അതിനാൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർ ഇടയ്ക്കിടെ രക്തവും മൂത്രവും പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ശരിയായ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം എന്നിവ വഴി വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും.
തയ്യാറാക്കിയത്;
Dr. Sajith Narayanan
Sr Consultant and HOD of Nephrology
Aster MIMS Kozhikode
