HealthHEALTH TALKLife

മെലിഞ്ഞവരിലും കരളിൽ കൊഴുപ്പടിയും; വില്ലനായി ലീൻ ഫാറ്റി ലിവർ

“ഡോക്ടറേ, ഞാൻ മദ്യം തൊടാറില്ല, പുറമെ കാണാൻ നല്ല മെലിഞ്ഞ പ്രകൃതവുമാണ്. എനിക്കെങ്ങനെ ഈ മാരകമായ ഫാറ്റി ലിവർ വന്നു?”
ലിവർ ക്ലിനിക്കിൽ ഇന്ന് സാധാരണയായി കേൾക്കുന്ന ചോദ്യങ്ങളാണിത്. ലോക കരൾ ദിനത്തിൽ (World Liver Day 2026) നാം ചർച്ച ചെയ്യേണ്ട വിഷയമാണ് ലീൻ ഫാറ്റി ലിവർ ( Lean Fatty Liver). പുറമെ ആരോഗ്യവാനായി കാണപ്പെടുന്ന, മെലിഞ്ഞ ശരീരമുള്ള ഒരാളുടെ ഉള്ളിൽ കരൾ കൊഴുപ്പിൽ മുങ്ങിയിരിക്കുന്ന അവസ്ഥ.

കണക്കുകൾ സംസാരിക്കുമ്പോൾ

നാം ചിന്തിക്കുന്നതിലും ഭയാനകമാണ് വർത്തമാനകാലത്തെ കണക്കുകൾ. 2025-ൽ പ്രസിദ്ധീകരിച്ച പ്രമേഹം, എൻഡോക്രൈനോളജിക്കൽ ക്ലിനിക് കേന്ദ്രീകരിച്ച MAP നടത്തിയ പഠന പ്രകാരം ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 68.2% പേർക്കും മെറ്റബോളിക് ലിവർ ഡിസീസ് (MASLD) ഉണ്ടെന്നാണ് റിപ്പോർട്ട്. . ഇതിൽ കേരളത്തിന്റെ അവസ്ഥ ഏറെ ഗൗരവകരമാണ്. നമ്മുടെ സംസ്ഥാനത്ത് ലിവർ സിറോസിസിലേക്ക് നയിച്ചേക്കാവുന്ന ‘അഡ്വാൻസ്ഡ് ഫൈബ്രോസിസ്’ (Advanced Fibrosis) ബാധിച്ചവരുടെ നിരക്ക് 20% ആണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

എന്താണ് ഈ ‘ലീൻ ഫാറ്റി ലിവർ’?

പൊണ്ണത്തടിയുള്ളവർക്ക് മാത്രമേ ഫാറ്റി ലിവർ വരൂ എന്ന ധാരണ തിരുത്തേണ്ട കാലം അതിക്രമിച്ചു. ശരീരഭാരം നോർമൽ ആണെങ്കിലും ആന്തരിക അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിയുന്ന ‘വിസറൽ ഫാറ്റ്’ (Visceral Fat) ആണ് ഇതിന് കാരണം. പാരമ്പര്യം, വ്യായാമമില്ലായ്മ, അമിതമായ മധുരപലഹാരങ്ങൾ എന്നിവയാണ് ഇതിന്റെ പിന്നിലെ വില്ലന്മാർ.

കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്ന പരന്ന വയറല്ല നിങ്ങളുടെ ആരോഗ്യത്തിന്റെ അടയാളം. രക്തത്തിലെ കൊളസ്ട്രോളും ഷുഗറും നോർമൽ ആണെങ്കിൽ പോലും നിങ്ങളുടെ കരളിൽ കൊഴുപ്പിന്റെ അംശം 5%-ൽ അധികമാണെങ്കിൽ അത് അപകടസൂചനയാണ്.

കരളിന്റെ സ്നേഹം തിരിച്ചറിയുക

നമ്മുടെ ശരീരത്തിലെ ഏറ്റവും നിശബ്ദനായ സേവകനാണ് കരൾ. 500-ലധികം ധർമ്മങ്ങൾ ചെയ്യുന്ന ഈ അവയവം, അതിന്റെ 75 ശതമാനവും നശിക്കുന്നത് വരെ ഒരു പരാതിയും പറയില്ല. കരൾ തകരുന്നത് കേവലം ഒരു അവയവത്തിന്റെ പരാജയമല്ല; അത് ഒരു കുടുംബത്തിന്റെ മുഴുവൻ തകർച്ചയാണ്. ഒരു സിറോസിസ് രോഗിയുടെ വീട്ടിൽ ചെന്നാൽ നിങ്ങൾക്കത് കാണാം—ആശങ്കയോടെ കഴിയുന്ന മക്കൾ, ഉറക്കമില്ലാത്ത രാത്രികൾ കഴിച്ചുകൂട്ടുന്ന പങ്കാളി.

ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇതാണ്: “Solid Habits, Strong Liver.” 2026-ലെ കരൾ ദിന സന്ദേശം പോലെ, ഉറച്ച ശീലങ്ങൾ വളർത്തിയെടുക്കുന്നത് വഴി ശക്തമായ കരൾ നേടാനാകും.

ദിവസവും 30 മിനിറ്റ് നടത്തം: കരളിലെ കൊഴുപ്പിനെ അലിയിക്കാൻ ഇതിലും വലിയ മരുന്നില്ല. കൂടാതെ സമീകൃത ആഹാരം ശീലമാക്കുക.

പഞ്ചസാര കുറയ്ക്കുക: മധുരം കരളിന്റെ കൊടുംശത്രുവാണ്. പ്രതിദിനം പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളോടൊപ്പം തന്നെ ആരോഗ്യകരമായ കൊഴുപ്പുകളും, ലീൻ പ്രോട്ടീനും അടങ്ങിയ ആഹാരം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതോടൊപ്പം മദ്യപാനവും അനാവശ്യ മരുന്നുകളുടെ ഉപയോഗവും ഒഴിവാക്കുക.

പരിശോധനകൾ മുടക്കാതിരിക്കുക: പ്രത്യേകിച്ച് പ്രമേഹമുള്ളവർക്കും വർഷത്തിലൊരിക്കലെങ്കിലും ലിവർ സ്കാനിംഗിനും രക്ത പരിശോധനയ്ക്കും വിധേയരാകണം.

ഈ കരൾ ദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. പുറമെ കാണുന്ന സൗന്ദര്യത്തിനപ്പുറം, ഉള്ളിലെ ആരോഗ്യത്തിന് മുൻഗണന നൽകാം. കാരണം, നിങ്ങളുടെ കരൾ ആരോഗ്യത്തോടെ ഇരിക്കുക എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരി കാത്തുസൂക്ഷിക്കുക എന്ന് കൂടിയാണ് അർത്ഥം

Leave a Reply

Your email address will not be published. Required fields are marked *