HealthHEALTH TALKLife

സ്തനാര്‍ബുദം: നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം

Breast cancer: Can be completely cured if detected early

ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. മറ്റ് കാന്‍സര്‍ രോഗങ്ങളെ അപേക്ഷിച്ച് നേരത്തെ തിരിച്ചറിയാനും, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് സ്തനാര്‍ബുദം എന്ന സവിശേഷതകൂടി ഇതിനുണ്ട്.

സ്തനാര്‍ബുദം ആരെയൊക്കെ ബാധിക്കാം?

സ്ത്രീകള്‍ക്ക് മാത്രമാണെന്നും അതില്‍ തന്നെ ആര്‍ത്തവ വിരാമം സംഭവിച്ച മുതിര്‍ന്ന സ്ത്രീകളിലാണ് സ്തനാര്‍ബുദം കാണപ്പെടുന്നത് എന്നുമുള്ള പൊതു ധാരണ വ്യാപകമാണ്. എന്നാല്‍ ഈ രണ്ട് ധാരണകളും തെറ്റാണ്. അപൂര്‍വ്വമായി പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടാറുണ്ട്, സ്ത്രീകളിലാകട്ടെ ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമെല്ലാം പ്രായമായവരിലുമെല്ലാം സ്തനാര്‍ബുദം കാണപ്പെടാറുണ്ട്. എങ്കിലും ചെറുപ്പക്കാരെ അപേക്ഷിച്ച് മധ്യവയസ്‌കരിലും പ്രായമായവരിലുമാണ് സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളത്.

അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ ഋതുമതിയാകുന്ന കാലം മുതല്‍ തന്നെ സ്തനാര്‍ബുദത്തിന്റെ സാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും ബോധവതികളാകേണ്ടതും രോഗപ്രതിരോധത്തിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി-മദ്യപാനം മുതലായവ ഒഴിവാക്കുക മുതലായ കാര്യങ്ങളില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തുക തന്നെ വേണം.

സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളവര്‍

ചില പ്രത്യേക വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പ്രത്യേക കരുതലുകള്‍ സ്വീകരിക്കണം. ഗര്‍ഭനിരോധന ഗുളികകളും ആര്‍ത്തവം നീട്ടിവെക്കാനുള്ള ഗുളികകളുമൊക്കെ സ്ഥിരമായി കഴിക്കുന്നവര്‍ ഈ ശ്രേണിയില്‍ മുന്‍നിരയിലുള്‍പ്പെടുന്നവരാണ്. ഇതിന് പുറമെ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരും, മാംസം കൂടുതലായി കഴിക്കുന്നവരും മദ്യം അമിത അളവില്‍ കഴിക്കുന്നവരും കൂടുതല്‍ മുന്‍കരുതലുകളെടുക്കണം.

അര്‍ബുദ ഇതര മുഴകള്‍കള്‍ സ്തനത്തില്‍ നിന്നും നീക്കം ചെയ്തവര്‍ പ്രത്യേക ശ്രദ്ധ വെച്ചുപുലര്‍ത്തണം. അതുപോലെ മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞവരിലും മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ ആദ്യം തിരിച്ചറിയേണ്ടത് രോഗം ബാധിച്ചിരിക്കാനുള്ള സാധ്യതയാണ്. ഇതിന് രോഗലക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് കൃത്യമായി മനസ്സിലാക്കണം. സ്തനങ്ങളിലെ ചെറിയ മാറ്റങ്ങളെപോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

വേദനയുള്ളതോ അല്ലാത്തതോ ആയ വിവിധ വലുപ്പത്തിലുള്ള മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ് മുതലായവ സ്തനപരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിക്കണം. സ്തനാകൃതിയില്‍ വരുന്ന മാറ്റം, സ്തനങ്ങളില്‍ അനുഭവപ്പെടുന്ന വേദന, സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങള്‍, കുത്തുകള്‍ പോലെയുള്ള പാടുകള്‍, മുലഞെട്ട് അകത്തേക്ക് വലിഞ്ഞ് പോവുക, മുലഞെട്ടില്‍ നിന്ന് സ്രവം പുറത്ത് വരിക, കക്ഷത്തിലും കഴുത്തിലും മുഴകളോ വീക്കമോ കാണപ്പെടുക മുതലായവയെല്ലാം രോഗലക്ഷണങ്ങളാണ്

സ്തനാര്‍ബുദ ചികിത്സയില്‍ റേഡിയേഷന്‍ തെറാപ്പിയുടെ പ്രാധാന്യം

മറ്റ് അര്‍ബുദങ്ങളിലെന്ന പോലെ സ്തനാര്‍ബുദ ചികിത്സയിലും റേഡിയേഷന്‍ തെറാപ്പിക്ക് വലിയ പ്രാധാന്യമുണ്ട്. രോഗിയുടെ പ്രായവും രോഗിയില്‍ നിര്‍വ്വഹിച്ചിരിക്കുന്ന ശസ്ത്രക്രിയയുടെ സവിശേഷതയുമെല്ലാം പരിഗണിച്ചാണ് റേഡിയേഷന്‍ തെറാപ്പി നിര്‍ണ്ണയിക്കുന്നത്. ബ്രാക്കി തെറാപ്പി (ഇന്റേണ്‍ റേഡിയേഷന്‍), എക്‌സ്റ്റേണല്‍ ബീം റേഡിയേഷന്‍ എന്നിങ്ങനെ രണ്ട് തരം രീതികളാണ് സ്തനാര്‍ബുദത്തിനുള്ള റേഡിയേഷന്‍ ചികിത്സയില്‍ പ്രധാനമായും സ്വീകരിക്കുന്നത്.

പുറത്തുള്ള ഒരു ലിനിയര്‍ ആക്‌സിലറേറ്ററിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന റേഡിയേഷന്‍ അക്‌സസ് വഴി അത്യാധുനിക സ്‌കാനിങ്ങുകളുടേയും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടേയും സഹായത്തോടെ വികിരണങ്ങള്‍ സ്തനത്തിലെ കാന്‍സര്‍ ബാധിത പ്രദേശത്ത് പതിപ്പിക്കുകയാണ് എക്‌സ്റ്റേണല്‍ ബീം റേഡിയേഷനില്‍ ചെയ്യുന്നത്. അര്‍ബുദ ബാധിതമായ കോശങ്ങളിലേക്ക് വികിരണങ്ങളെ കേന്ദ്രീകരിക്കുകയും സമീപത്തുള്ള കോശങ്ങളിലേക്ക് റേഡിയേഷന്‍ പരമാവധി കുറയക്കുവാനും ഇതുവഴി സാധിക്കുന്നു. ഇതിലൂടെ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കുറയുകയും രോഗിയുടെ തുടര്‍ ജീവിതം വലിയ ബുദ്ധിമുട്ടുകളില്ലാതെ മുന്‍പിലേക്ക് പോവുകയും ചെയ്യും. ചെറിയ സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്ന ഈ ചികിത്സ വേദനാരഹിതമാണ്. സ്തനത്തിനുള്ളില്‍ റേഡിയേഷന്റെ സ്രോതസ്സ് ഘടിപ്പിച്ച ശേഷം നേരിട്ട് രോഗബാധിത മേഖലയിലേക്ക് റേഡിയേഷന്‍ സന്നിവേശിപ്പിക്കുന്ന രീതിയാണ് ബ്രാക്കി തെറാപ്പിയില്‍ സ്വീകരിക്കുന്നത്.

ചില തെറ്റിദ്ധാരണകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

വലിയ വേദനയും, പൊള്ളലുമേല്‍ക്കുന്ന ചികിത്സാ രീതിയാണ് റേഡിയേഷന്‍ തെറാപ്പി എന്ന രീതിയിലുള്ള ഭയം റേഡിയേഷന്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് പലരിലുമുണ്ടാകാറുണ്ട്. എന്നാല്‍ ഈ ധാരണകള്‍ തികച്ചും തെറ്റിദ്ധാരണയാണ്. റേഡിയേഷന്‍ ചികിത്സയില്‍ വേദനയോ ചൂടോ അനുഭവപ്പെടുകയില്ല.

റേഡിയേഷന്‍ ചികിത്സക്ക് വിധേയരായവരുമായി അടുത്തിടപഴകുന്നവര്‍ക്ക് അവരില്‍ നിന്ന് റേഡിയേഷന്‍ പകരുമെന്ന ധാരണ തികച്ചും തെറ്റാണ്. ഗര്‍ഭിണികളോട കുട്ടികളോ ഉള്‍പ്പെടെ ആര്‍ക്കും ഇവരുമായി അടുത്തിടപഴകാം.

റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രമേഹം, രക്താതിസമ്മര്‍ദ്ദം മുതലായ അസുഖങ്ങളുടെ മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം സാധാരണഗതിയിലില്ല. എങ്കിലും ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റുമായി സംസാരിച്ച് വിദഗ്ധ ഉപദേശം നേടേണ്ടതാണ്.

റേഡിയേഷന് വിധേയമാകുന്ന സ്തനങ്ങളില്‍ നിറവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് ശാശ്വതമല്ല കുറച്ച് കാലം കഴിയുമ്പോള്‍ തനിയെ തന്നെ മാറുന്നതാണ്.

റേഡിയേഷന്റെ സമയത്ത് ക്ഷീണം അനുഭവപ്പെടുന്നതില്‍ ആകുലപ്പെടാനൊന്നുമില്ല. ഇത് സ്വാഭാവികമാണ്.

Leave a Reply

Your email address will not be published. Required fields are marked *