HEALTH TALKLifeUncategorized

വൃക്ക നഷ്ടപ്പെടുമെന്ന ഭയം വേണ്ട; കാൻസറിനെ മാത്രം നീക്കം ചെയ്യാൻ ഇനി റോബോട്ടിക് ശസ്ത്രക്രിയ

Don’t Fear Losing Your Kidney: Advanced Robotic Surgery for Cancer

അർബുദം എന്ന വാക്ക് കേൾക്കുമ്പോഴുള്ള ഭയം സ്വാഭാവികമാണ്, പ്രത്യേകിച്ചും അത് ശരീരത്തിന്റെ പ്രധാന അവയവമായ വൃക്കകളെ ബാധിക്കുമ്പോൾ. എന്നാൽ തുറന്ന ശസ്ത്രക്രിയകളും നീണ്ട നാളത്തെ ആശുപത്രി വാസവും ആവശ്യമായിരുന്ന പഴയ കാൻസർ ചികിത്സാ രീതികളിൽ നിന്ന് വൈദ്യശാസ്ത്രം ഇന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ഈ മുന്നേറ്റത്തിന്റെ ഏറ്റവും തിളക്കമാർന്ന ഉദാഹരണമാണ് കിഡ്‌നി ക്യാൻസർ ചികിത്സയോട് അനുബന്ധമായി നടത്തുന്ന റോബോട്ടിക് ശസ്ത്രക്രിയകൾ. ശരീരത്തിൽ വലിയ മുറിവുകളുണ്ടാക്കാതെ റോബോട്ടിക് കൈകളുടെ അതിസൂക്ഷ്മതയോടെ കാൻസർ ബാധിച്ച മുഴകളെ കൃത്യതയോടെ നീക്കം ചെയ്യാൻ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സാധിക്കുന്നു. വൃക്കയുടെ ആരോഗ്യമുള്ള ഭാഗങ്ങളെ പൂർണ്ണമായും സംരക്ഷിച്ച് വേദനകളില്ലാതെ അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനായി ഈ ആധുനിക സാങ്കേതികവിദ്യ രോഗികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ലക്ഷണങ്ങൾ തിരിച്ചറിയാം

പ്രാരംഭ ദശയിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്ത ഒന്നാണ് കിഡ്നി ക്യാൻസർ. എങ്കിലും രോഗാവസ്ഥ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴോ രോഗം മൂർച്ഛിക്കുമ്പോഴോ ചില പ്രധാന ലക്ഷണങ്ങൾ പ്രകടമാകാം. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടാൻ മടിക്കരുത്:

  1. രോഗം മൂർച്ഛിച്ച അവസ്ഥകളിൽ മാത്രം കാണുന്ന ലക്ഷണങ്ങൾ
  • മൂത്രത്തിൽ രക്തം: യാതൊരു വേദനയുമില്ലാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് അർബുദം ഗുരുതരമായ അവസ്ഥയിലെത്തിയതിന്റെ ഒരു പ്രധാന ലക്ഷണമാണ്.
  • വേദന: രോഗം പടരുന്ന സാഹചര്യത്തിൽ നടുവിന്റെ വശങ്ങളിലായി വിട്ടുമാറാതെ അനുഭവപ്പെടുന്ന കടുത്ത വേദന.
  • ഉദരഭാഗത്തെ മുഴകൾ (Abdominal mass): വയറിന്റെ വശങ്ങളിലോ അടിവയറ്റിലോ കട്ടിയുള്ള തടിപ്പോ അസാധാരണമായ മുഴകളോ സ്പർശിച്ചറിയാൻ സാധിക്കുന്നത് രോഗാവസ്ഥ കൂടിയ ഘട്ടങ്ങളിലാണ്.
  1. മറ്റു പൊതുവായ ലക്ഷണങ്ങൾ
  • അകാരണമായ ഭാരക്കുറവ്: പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ശരീരഭാരം കുറയുകയും കടുത്ത വിശപ്പില്ലായ്മ അനുഭവപ്പെടുകയും ചെയ്യുക.
  • വിട്ടുമാറാത്ത ക്ഷീണവും വിളർച്ചയും: വിട്ടുമാറാത്ത ക്ഷീണം, വിളർച്ച (Anemia), മറ്റ് അണുബാധകൾ ഒന്നുമില്ലാതെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പനി.

രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും

കോശങ്ങളുടെ ഡി.എൻ.എ-യിൽ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങളാണ് അർബുദത്തിന് കാരണമാകുന്നത്. കൃത്യമായ ഒരു കാരണം ഇതിന് പിന്നിലില്ലെങ്കിലും, ചില ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നു.

  • പുകവലി: പുകവലിക്കുന്നവരിൽ ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • അമിതവണ്ണം: ശരീരഭാരം അമിതമായി കൂടുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ക്യാൻസർ സാധ്യത കൂട്ടുകയും ചെയ്യുന്നു.
  • ഉയർന്ന രക്തസമ്മർദ്ദം: ദീർഘകാലമായി രക്തസമ്മർദ്ദം നിയന്ത്രിക്കാതിരിക്കുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കാം.

നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

അർബുദ ചികിത്സയിൽ ഏറ്റവും നിർണ്ണായകമായത് പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണ്ണയമാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒന്നാണ് കിഡ്നി ക്യാൻസർ. രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്തിയാൽ, റോബോട്ടിക് ശസ്ത്രക്രിയ വഴി ട്യൂമർ മാത്രം അതീവ സൂക്ഷ്മതയോടെ നീക്കം ചെയ്യാൻ സാധിക്കും. പലപ്പോഴും മറ്റ് ഉദരജന്യ അസ്വാസ്ഥ്യങ്ങൾക്കായി നടത്തുന്ന അൾട്രാസൗണ്ട് സ്കാനിംഗിലൂടെയോ സി.ടി സ്കാനിലൂടെയോ ആണ് (Incidental detection) ഈ അർബുദം പ്രാരംഭ ദിശയിൽ കണ്ടെത്തുന്നത്. അതിനാൽ നാൽപത് വയസ്സ് കഴിഞ്ഞവർ, പ്രത്യേകിച്ച് പുകവലിക്കുന്നവരും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും സമയബന്ധിതമായി ആരോഗ്യ പരിശോധനകൾ പതിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വൃക്കയെ ബാധിക്കുന്ന അർബുദത്തെ പ്രതിരോധിക്കുന്നതിലും ചികിത്സയ്ക്ക് ശേഷമുള്ള സുഖപ്രാപ്തിയിലും ആരോഗ്യകരമായ ജീവിതശൈലിക്ക് വലിയൊരു പങ്കുണ്ട്. ആധുനിക റോബോട്ടിക് ശസ്ത്രക്രിയകൾ ഇന്ന് ചികിത്സ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും, രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും ഉചിതം. വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിനും കാൻസർ സാധ്യതകളെ അകറ്റി നിർത്താനും ശ്രദ്ധിക്കുക. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുമെന്നതിനാൽ ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും രക്തസമ്മർദ്ദം കൃത്യമായ പരിധിക്കുള്ളിൽ നിലനിർത്തുകയും വേണം. അമിതവണ്ണം ഒഴിവാക്കാനായി കൊഴുപ്പും കൃത്രിമ മധുരവും കുറഞ്ഞ ഭക്ഷണക്രമം ശീലമാക്കുന്നതിനൊപ്പം, ദിവസവും അര മണിക്കൂറെങ്കിലും ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും. കൂടാതെ, ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാനും ദിവസവും ആവശ്യാനുസരണം ശുദ്ധജലം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മികച്ച ജീവിതശൈലിയും കൃത്യസമയത്തുള്ള പരിശോധനകളും വഴി വൃക്കകളുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

തയ്യാറാക്കിയത്;

Dr. Alphons Philip
Consultant – Urology, Urooncology, Renal transplant and Robotic Surgeon
Aster MIMS Kozhikode

Leave a Reply

Your email address will not be published. Required fields are marked *